വാര്‍ത്തകള്‍

പ്രാദേശിക സംരംഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറി - മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍

Posted on Sunday, May 4, 2025

പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. കുടുംബശ്രീ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെയും സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന മേളയുടെയും ഉദ്ഘാടനം കോഴിക്കോട് ബീച്ചില്‍ മേയ് മൂന്നിന്‌ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അരക്കോടിയോളം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ഇത്തവണത്തെ ബജറ്റില്‍ 270 കോടി രൂപ കുടുംബശ്രീക്കായി നീക്കിവച്ചുവെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി.   പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബശ്രീയിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ച്ചിത്രമാണ് സരസ് മേളയില്‍ കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. 

 കോഴിക്കോട് ബീച്ചില്‍ 64000 ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സരസ് മേളയിലെ ഉത്പന്ന വിപണന സ്റ്റാളിലും ഫുഡ്‌കോര്‍ട്ടിലും  ജനത്തിരക്കേറെയായിരുന്നു. പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനില്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരൊക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ലഭിക്കുന്ന 250ഓളം വിപണന സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടില്‍ 17 സംസ്ഥാനങ്ങളിലെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന 50ഓളം സ്റ്റാളുകളുമാണുള്ളത്. മേയ് 13 വരെ നീളുന്ന മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യവുമാണ്. 

ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഇ.കെ. വിജയന്‍, പി.ടി.എ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഐ.എ.എസ്, ജില്ലാ പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ഐ ആന്റ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, കുടുംബശ്രീ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. ലതിക, പി.കെ. സൈനബ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത നന്ദിയുംപറഞ്ഞു.   ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേര്‍ പങ്കാളികളായി. കുടുംബശ്രീ അംഗങ്ങളാണ് ഘോഷയാത്ര നയിച്ചത്.

Content highlight
Chief Minister Shri. Pinarayi Vijayan inagurates Kudumbashree National SARAS mela

കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം: നഗരമേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍ക്കും എ.ഡി.എസുകള്‍ക്കും 53.13 കോടി രൂപ റിവോള്‍വിങ്ങ് ഫണ്ട്

Posted on Sunday, May 4, 2025
നഗരമേഖലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി (എ.ഡി.എസ്) കള്‍ക്കുമുള്ള റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ കുടുംബശ്രീ വിതരണം ചെയ്തത്
53.13 കോടി രൂപ.  കുടുംബശ്രീയും നഗരസഭകളും സംയുക്തമായി സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി വഴിയാണ് ഈ നേട്ടം. അയല്‍ക്കൂട്ടങ്ങള്‍ക്ക് 36.35 കോടിയും ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ക്ക് 16.78 കോടി രൂപയുമാണ് ഈയിനത്തില്‍ നല്‍കിയത്.

ഓരോ അയല്‍ക്കൂട്ടത്തിനും പതിനായിരം രൂപ വീതമാണ് റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ നല്‍കിയത്.  നഗരമേഖലയിലെ 36349 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പ്രവര്‍ത്തനക്ഷമല്ലാത്തവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് തുക വിനിയോഗിക്കുക.
3356 കുടുംബശ്രീ എ.ഡി.എസുകള്‍ക്കും റിവോള്‍വിങ്ങ് ലഭ്യമായി. 16.78 കോടി രൂപയാണ് എ.ഡി.എസുകള്‍ക്ക് വിതരണം ചെയ്തത്. ഇരുവിഭാഗങ്ങളിലും കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ വിതരണം ചെയ്ത തുകയാണിത്.

അസംഘടിതരായി കഴിയുന്ന നഗരദരിദ്രരെ കുടുംബശ്രീയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നതിനും അവര്‍ക്ക് ജീവിത പുരോഗതി കൈവരിക്കുന്നതിനാവശ്യമായ തൊഴില്‍ നൈപുണ്യ വികസന പരിശീലനങ്ങളടക്കമുളള പിന്തുണകളുമാണ് പദ്ധതി വഴി ലഭ്യമാക്കുക. നഗരപ്രദേശങ്ങളിലെ വാര്‍ഷിക വരുമാനം ഒരു ലക്ഷമോ അതില്‍ താഴെയോ ഉള്ള കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്.  

Content highlight
Kudumbashree National Urban Livelihood Mission: Rs 53.13 crores as Revolving Fund for NHGs & ADSs in urban areas

ഉന്നത വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ കുടുംബശ്രീ കമ്മ്യൂണിക്കോര്‍ പദ്ധതി സഹായകമാകും: മന്ത്രി എം.ബി രാജേഷ്

Posted on Saturday, May 3, 2025

ഉന്നതവിദ്യാഭ്യാസ മേഖലകളിലും പുതിയ തൊഴില്‍ മേഖലകളിലും തദ്ദേശീയ ജനവിഭാഗത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അവര്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'കമ്മ്യൂണിക്കോര്‍' ഇംഗ്ളീഷ് ഭാഷാനൈപുണ്യ പരിശീലന  പദ്ധതി സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി ഏറെ മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്നം. പഠനമാധ്യമം മലയാളവും ഇംഗ്ളീഷുമാകുന്നതും ~ഒപ്പം ഇംഗ്ളീഷ് പഠനവും ആശയ വിനിമയവും അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് കമ്മ്യൂണിക്കോര്‍ പദ്ധതി അഭിസംബോധന ചെയ്യുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പട്ടികവര്‍ഗ പദ്ധതിയും പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയും നടപ്പാക്കുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കമ്മ്യൂണിക്കോര്‍ പദ്ധതി നടപ്പാക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും അവരുടെ ഭാഷാശേഷി പരമാവധി വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം. ലോക ആംഗലേയ ദിനമായ ഏപ്രില്‍ 23-ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ആരാധ്യനായ പോപ്പിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിന്‍റെയും കാശ്മീര്‍ ഭീകരാക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ട്രൈബല്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്ന ജില്ലകളില്‍ ജില്ലാതല  ഉദ്ഘാടന പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറത്ത് രാജ്യസഭാ എം.പി പി.വി അബ്ദുള്‍ വഹാബ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ലക്ഷ്മി, വയനാട് മാനന്തവാടി സബ് ക്ളക്ടര്‍ മിസല്‍ സാഗര്‍ ഭരത് എന്നിവര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന  അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍,  വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്),  കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 12 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. അവധിക്കാലത്ത് റെസിഡന്‍ഷ്യല്‍ പരിശീലനം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 30 മുതല്‍ 50  കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന വിവിധ ബാച്ചുകള്‍ ഉണ്ടാകും.  
 

Content highlight
minister MB Rajesh inaugirates communicore

മികച്ച ഭരണ നിര്‍വഹണം, സാമ്പത്തിക സുസ്ഥിരത, സ്വയംപര്യാപ്തത: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ 319 മാതൃകാ സി.ഡി.എസുകള്‍

Posted on Saturday, May 3, 2025

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ 319 മാതൃകാ സി.ഡി.എസുകള്‍. മികച്ച ഭരണ നിര്‍വഹണം, സാമ്പത്തിക സുസ്ഥിരത, കുടുംബശ്രീ പദ്ധതി നിര്‍വഹണത്തിലെ മികവ്, ഉപജീവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാതൃകാ സി.ഡി.എസുകളെ കണ്ടെത്തിയത്. നിലവില്‍ 1070 സി.ഡി.എസുകളാണ് കുടുംബശ്രീയുടെ കീഴിലുള്ളത്. വരും വര്‍ഷങ്ങളില്‍ എല്ലാ സി.ഡി.എസുകളെയും മാതൃകാ സി.ഡി.എസുകളാക്കി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുതലത്തില്‍ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ അഥവാ എ.ഡി.എസുകള്‍ ഉണ്ട്.  ഇപ്രകാരം ഓരോ പഞ്ചായത്തിലും നഗരസഭയിലുമുളള എ.ഡി.എസുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ അഥവാ സി.ഡി.എസുകള്‍. നിലവില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പിന്തുണ ഇല്ലാതെ തന്നെ സ്വയംപര്യാപ്തയും സുസ്ഥിരതയും വികസനവും കൈവരിക്കാന്‍ സി.ഡി.എസുകളെ പ്രാപ്തമാക്കുക എന്നതാണ് മാതൃകാ സി.ഡി.എസുകള്‍ രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.  ഇതിനായി സി.ഡി.എസുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വിവിധ വായ്പാ പദ്ധതികളില്‍ നിന്നും പലിശയിനത്തില്‍ ലഭിക്കുന്ന തുക തനതു വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനമായി കണ്ടെത്തും.

സി.ഡി.എസിന്‍റെ പൊതുവായ ഭരണനിര്‍വഹണത്തിലും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാര്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ താഴെ തട്ടില്‍ എത്തിക്കുന്നതിലുള്ള കാര്യക്ഷമതയും മുഖ്യമാണ്. സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിനും അതീവ പ്രാധാന്യമുണ്ട്. എല്ലാ വിഭാഗത്തിലുമുളള ആളുകളെ കുടുംബശ്രീ സംവിധാനത്തിലേക്ക് എത്തിക്കണം. അഗതികള്‍, നിരാലംബര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളിലെ ആളുകളെ കുടുംബശ്രീയുടെ കീഴില്‍ കൊണ്ടു വന്ന് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സി.ഡി.എസ് മുഖേന നിര്‍വഹിക്കണം. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗങ്ങളും വരുമാനലഭ്യതയും ഉറപ്പു വരുത്തുക എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ വരുമാനദായക പദ്ധതികള്‍ വഴിയും പ്രാദേശിക സാധ്യതകള്‍ക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്നതുമായ വിവിധ തൊഴിലുകളും അയല്‍ക്കൂട്ട വനിതകള്‍ക്കായി പ്രയോജനപ്പെടുത്തണം.

നിലവിലെ സി.ഡി.എസുകളെ മാതൃകാ സിഡി.എസുകളാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി  സി.ഡി.എസ് ഭരണ സമിതി അംഗങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പരിശീലനം നല്‍കിയിരുന്നു. തങ്ങളുടെ പഞ്ചായത്തില്‍ ഏതൊക്കെ മേഖലയിലാണ് വികസനം ആവശ്യമുള്ളതെന്ന് കണ്ടെത്തുന്നതിനും അവയുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് വിഷന്‍ ഡോക്യുമെന്‍റ് എന്ന പേരില്‍

പ്രത്യേക രേഖ തയാക്കുന്നതിനുമാണ് പരിശീലനം നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ സി.ഡി.എസും തങ്ങളുടെ വാര്‍ഷിക കര്‍മപദ്ധതി തയ്യാറാക്കി അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ ഫണ്ട്, സംയോജന സാധ്യതകള്‍ എന്നിവ മനസിലാക്കുന്നതിനായി ഓരോ സി.ഡി.എസിന്‍റെയും നേതൃത്വത്തില്‍ പ്രത്യേക ബിസിനസ് പ്ളാനും തയ്യാറാക്കിയിട്ടുണ്ട്.

Content highlight
മികച്ച ഭരണ നിര്‍വഹണം, സാമ്പത്തിക സുസ്ഥിരത, സ്വയംപര്യാപ്തത: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ 319 മാതൃകാ സി.ഡി.എസുകള്‍

പട്ടികവര്‍ഗ മേഖലയില്‍ 3321 അയല്‍ക്കൂട്ടങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് കുടുംബശ്രീ

Posted on Friday, May 2, 2025
സംസ്ഥാനത്ത് പട്ടികവര്‍ഗ മേഖലയില്‍ 3321 അയല്‍ക്കൂട്ടങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് കുടുംബശ്രീ. അയല്‍ക്കൂട്ടവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സ്വയം നിര്‍വഹിക്കുന്നതിനും സ്വന്തം നിലയ്ക്ക് ഉപജീവന മാര്‍ഗങ്ങള്‍ ഉറപ്പു വരുത്തുന്നതിനും  പ്രാപ്തരാക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് ഈ നേട്ടം. ഈ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സാമ്പത്തിക പിന്തുണകളും കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലടക്കം ഉപജീവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നൈപുണ്യ പരിശീലനങ്ങളും നല്‍കി സാമൂഹ്യവും സാമ്പത്തികവുമായി ശാക്തീകരിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.

പട്ടികവര്‍ഗ മേഖലയിലെ വിവിധ സി.ഡി.എസുകളില്‍ 50 ശതമാനം പിന്നാക്കം നില്‍ക്കുന്നതും താരതമ്യേന ദുര്‍ബലവുമായ അയല്‍ക്കൂട്ടങ്ങളെയാണ് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കുടുംബശ്രീ തിരഞ്ഞെടുത്തത്. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടത്തിനും 15,000 രൂപ കോര്‍പ്പസ് ഫണ്ട്, റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ 15,000 എന്നിങ്ങനെ വിവിധ സാമ്പത്തിക പിന്തുണകളും ലഭ്യമാക്കിയിരുന്നു. കൂടാതെ ഉപജീവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ബിസിനസ് പ്ളാന്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനവും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി ഈ മേഖലയില്‍ 3127 കര്‍ഷക സംഘങ്ങള്‍ രൂപീകരിച്ചു.  11442 അംഗങ്ങള്‍ക്ക് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങളില്‍ സഹായവും ലഭ്യമാക്കി. കൂടാതെ 1196 സംരംഭങ്ങളും ആരംഭിച്ചു.

അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കെഴുത്ത്, വിവിധ വകുപ്പുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍,  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍,  കുടുംബശ്രീ വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും തിരഞ്ഞെടുത്ത അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക്  കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ഗ്രേഡിങ്ങും ഓഡിറ്റിങ്ങും നടത്തിയതാണ് മറ്റൊരു നേട്ടം. കൂടാതെ ബാങ്ക് ഇടപാടുകള്‍, കാര്യക്ഷമമായ ധനവിനിയോഗം, ലിങ്കേജ് വായ്പാ ലഭ്യത എന്നിവ ഉള്‍പ്പെടെ സാമ്പത്തിക സാക്ഷരതയും അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കി. സ്വയംപര്യാപ്ത അയല്‍ക്കൂട്ടങ്ങളുടെ ആഴ്ച നിക്ഷേപം, ബാങ്ക് ലിങ്കേജ് വായ്പാ തിരിച്ചടവ് തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി വിലയിരുത്തുന്നതും കുടുംബശ്രീ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ചുമതലയും ഈ മേഖലയില്‍ നിന്നുള്ള അനിമേറ്റര്‍മാരാണ്.

 
Content highlight
Kudumbashree leads 3,321 NHGs towards self-sufficiency in the Scheduled Tribes sectorml

കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് സ്കീം: ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തു ബ്ളോക്കുകളിലായി 2273 സംരംഭങ്ങള്‍

Posted on Friday, May 2, 2025
കാര്‍ഷികേതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ മൈക്രോ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് സ്കീമിന് വിജയം. തിരഞ്ഞെടുത്ത പത്തു ബ്ളോക്കുകളില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ 2000 സംരംഭങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നു സ്കീമിന്‍റെ ലക്ഷ്യം. കാലാവധിക്കുള്ളില്‍ 358 ഗ്രൂപ്പ് സംരംഭങ്ങളും 1915 വ്യക്തിഗത സംരംഭങ്ങളും ഉള്‍പ്പെടെ 2273 സംരംഭങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് സ്കീം പൂര്‍ത്തിയായത്. ഇതുവഴി 3357 വനിതകള്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്താനും പദ്ധതി സഹായകമായി.  

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവന ദൗത്യം- പദ്ധതി(എന്‍.ആര്‍.എല്‍.എം)യുടെ ഭാഗമായാണ് മൈക്രോ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് സ്കീം നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായി സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഓരോ ബ്ളോക്കിലും പത്ത് മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാരെ വീതം തിരഞ്ഞെടുത്തിരുന്നു. ഇവര്‍ മുഖേന സ്വയംതൊഴില്‍ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള വനിതകളെ കണ്ടെത്തി അവര്‍ക്ക് വിവിധ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക പിന്തുണയും ലഭ്യമാക്കി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ഓരോ ബ്ളോക്കിനും ഇരുപത് ലക്ഷം രൂപവീതം എന്‍.ആര്‍.എല്‍.എം ഫണ്ടും നല്‍കിയിരുന്നു.

Content highlight
Kudumbashree NRLM Micro Enterprise Development Scheme: 2,273 Enterprises in 10 blocks within one and a half yearsml

ഉല്‍പന്ന വിപണന രംഗത്ത് ശ്രദ്ധേയ മുന്നേറ്റം: കേരളത്തില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേളകളിലൂടെ കുടുംബശ്രീ സംരംഭകര്‍ നേടിയത് 104.35 കോടി രൂപ

Posted on Tuesday, April 29, 2025

 കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്ന വിപണനത്തിന്‍റെ മുഖ്യവേദികളില്‍ ഒന്നായ ദേശീയ സരസ്മേളകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം കേരളത്തില്‍ സംഘടിപ്പിച്ചതു വഴി കുടുംബശ്രീ സംരംഭകര്‍ നേടിയത് 104.35 കോടി രൂപ.  ഇതില്‍ ഏറ്റവും ഒടുവില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സരസ് മേളയില്‍ നിന്നു മാത്രം ലഭിച്ചത് 17.57 കോടി രൂപയാണ്.

ഇതര സംസ്ഥാനങ്ങളില്‍  സംഘടിപ്പിച്ച സരസ്മേളകളില്‍ പങ്കെടുത്തതു വഴി 22 കോടി രൂപയുടെ വിറ്റുവരവും ഇതിനകം നേടിയിട്ടുണ്ട്. കേരളത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സരസ് മേളകളിലൂടെ ആകെ 126.35 കോടി രൂപയാണ് സംരംഭകര്‍ നേടിയത്.

പ്രാദേശികവും ദേശീയതലത്തിലുമുള്ള വിപണന മേളകള്‍, മാസച്ചന്തകള്‍, ഓണം, വിഷു, റംസാന്‍ വിപണന മേളകള്‍ എന്നിവ സംഘടിപ്പിച്ചുകൊണ്ട് കുടുംബശ്രീ സംരംഭകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി 10815 മാസച്ചന്തകള്‍,  916 പ്രാദേശിക ജില്ലാതല ട്രേഡ് ഫെയറുകള്‍, 426 ഭക്ഷ്യമേളകള്‍, 6859 ഓണം വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. ഇതുവഴി 185.86 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു.

പരമ്പരാഗത വിപണന മാര്‍ഗങ്ങള്‍ക്കു പുറമേ ആധുനിക വിപണിക്കനുസൃതമായ നൂതന വിപണന മാര്‍ഗങ്ങളും കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. സംരംഭകരുടെ വരുമാന വര്‍ധനവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി നാനോ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റിങ്ങ് കിയോസ്കുകള്‍, കൂടാതെ ആമസോണ്‍, ഫ്ളിപ് കാര്‍ട്ട്, മീഷോ, ഓ.എന്‍.ഡി.സി തുടങ്ങിയ ഓണ്‍ലൈന്‍ വിപണന മേഖലയിലും കുടുംബശ്രീ സജീവമാണ്.  
 

Content highlight
mela

ആ 20 പേര്‍ക്ക് സ്വപ്‌നസാഫല്യം ; ഡ്രോണ്‍ പരിശീലനം നേടി കൊറഗ ഗോത്രക്കാര്

Posted on Monday, April 28, 2025
കാസര്ഗോഡ് ജില്ലയില് കൊറഗ പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട 20 പേര് തങ്ങളുടെ സ്വപ്‌നം സാഫല്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്. ഡ്രോണ് പറത്തല് പഠിക്കണമെന്ന അവരുടെ ആഗ്രഹം കുടുംബശ്രീ ജില്ലാ മിഷന് മുന്കൈയെടുത്ത് നടത്തിക്കൊടുക്കുകയായിരുന്നു.
 
കുടുംബശ്രീ മുഖേന ജില്ലയില് നടപ്പിലാക്കി വരുന്ന കൊറഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി അസാപ് സ്‌കില് പാര്ക്കുമായി സഹകരിച്ചാണ് ഡ്രോണ് പറത്തല് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശീയമേഖലയില് ഇതാദ്യമായാണ് കുടുംബശ്രീ ഡ്രോണ് പറത്തല് പരിശീലനം സംഘടിപ്പിക്കുന്നത്.
16 ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടി ഏപ്രില് 19നാണ് ആരംഭിച്ചത്. പരിശീലനാര്ത്ഥികള്ക്കുള്ള ഭക്ഷണം, യാത്രാബത്ത എന്നിവയെല്ലാം കുടുംബശ്രീയാണ് നല്കുന്നത്. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഈ മേഖലയില് തൊഴില് നേടാനുള്ള പിന്തുണയും നല്കും.
 
പരിശീലനപരിപാടിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് (ഇന്ചാര്ജ്ജ്) സി.എച്ച് ഇക്ബാല് നിര്വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് കിഷോര് കുമാര് അധ്യക്ഷനായ പരിപാടിയില് അസാപ്പ് കോര്ഡിനേറ്റര്മാരായ സനല്, പ്രജിത്ത് എന്നിവര് പദ്ധതി വിശദീകരിച്ചു. അസാപ് സ്‌കില് പാര്ക്ക് സെന്റര് കോര്ഡിനേറ്റര് അഖില് സ്വാഗതവും കൊറഗ പ്രത്യേക പദ്ധതി കോര്ഡിനേറ്റര് യദുരാജ് നന്ദിയും പറഞ്ഞു.
Content highlight
Kudumbashree Kasaragod District Mission gives Drone Training to 20 people from Koraga Community

മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് പിന്തുണ: 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുമായി കുടുംബശ്രീ

Posted on Sunday, April 27, 2025

കര്‍ഷകര്‍ക്ക് പിന്തുണയുമായി മൃഗസംരക്ഷണ മേഖലയില്‍ 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുമായി കുടുംബശ്രീ. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രാഥമിക സംഭരണം, മൂല്യവര്‍ധനവ് എന്നിവയ്ക്ക് ആവശ്യമായ വിവിധ പിന്തുണകളും പ്രോത്സാഹനവും ലഭ്യമാക്കുകയാണ് പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരരിച്ച് പൊതുസംവിധാനത്തിലൂടെ വിപണനം ചെയ്യുന്നതിനും കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ തീറ്റകള്‍, വിത്ത്, വളം തുടങ്ങിയവ കൂട്ടായ്മയിലൂടെ ലാഭകരമായി വാങ്ങുന്നതിനും പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ സഹായകരമാകും. വിപണി കണ്ടെത്തല്‍, പുതിയ സാങ്കേതിക വിദ്യയുടെയും വിഭവങ്ങളുടെയും ഉപയോഗം, എന്നീ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാകും നടത്തുക. ഇത് ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും.  

നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ മൃഗസംരക്ഷണ മേഖലയില്‍ 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലായി  3131 വനിതാ കര്‍ഷകരുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനവും അതുവഴി സുസ്ഥിര വരുമാനവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ ഗ്രൂപ്പുകള്‍ വഴി നിര്‍വഹിക്കുക. ഇതിന്‍റെ ഭാഗമായി സ്വയംതൊഴില്‍ മാതൃകയില്‍ ഉല്‍പന്ന വിപണനം നടത്തുന്നതി സി.ഡി.എസില്‍ നിന്നും അംഗങ്ങളെ കണ്ടെത്തി പരിശീലനം നല്‍കി അവരെ ഉല്‍പാദകരുടെ കൂട്ടായ്മകളുമായി ബന്ധിപ്പിക്കും. വിപണനം കാര്യക്ഷമമാകുന്നതോടെ ഉല്‍പാദനക്ഷമതയും വരുമാനവര്‍ധനവും നേടാനാകും.  

ഉല്‍പന്ന സംഭരണത്തിന്‍റെ ഭാഗമായി കര്‍ഷകര്‍ക്ക് വില നല്‍കുന്നതിനാവശ്യമായ ഫണ്ട്, വിപണനം, മാര്‍ക്കറ്റിങ്ങ്, വാടക തുടങ്ങിയവ ഉള്‍പ്പെടെയുള്ള  ചെലവുകള്‍ക്കായി ഓരോ പ്രൊഡ്യൂസര്‍ ഗ്രൂപ്പിനും 10,000 രൂപയാണ് പ്രവര്‍ത്തന മൂലധനമായി നല്‍കുന്നത്. നിലവില്‍ 401 ഗ്രൂപ്പുകള്‍ക്കായി 2.3 കോടി രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അവയുടെ ബിസിനസ് പ്ളാന്‍ അനുസരിച്ച് പരമാവധി ഒരു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കാനാകും. കൂടാതെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒന്നര ലക്ഷം രൂപയും നല്‍കും. 401 ഗ്രൂപ്പുകള്‍ക്ക് ഈയിനത്തില്‍ 1.7 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സ്കീം വഴിയാണ് പദ്ധതി നിര്‍വഹണം.    

 

Content highlight
Kudumbashree to support the farmers in Animal Husbandry Sector with 401 Producer Groups

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി സൗജന്യതൊഴില്‍ നൈപുണ്യ പരിശീലനവും തൊഴിലും - സംസ്ഥാനത്ത് 45341 യുവജനങ്ങള്‍ക്ക് തൊഴില്‍

Posted on Saturday, April 26, 2025
ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യതൊഴില്‍ നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ)-പദ്ധതി വഴി ഇതുവരെ തൊഴില്‍ ലഭ്യമാക്കിയത് 45341 യുവജനങ്ങള്‍ക്ക്.  621 പേര്‍ക്ക് വിദേശത്തും തൊഴില്‍ ലഭ്യമായി. പദ്ധതി വഴി നാളിതു വരെ 77965 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
 
 ഗ്രാമീണ മേഖലയിലെ 18-35നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കളാണ് പദ്ധതി ഗുണഭോക്താക്കള്‍. നിലവില്‍  33 മേഖലകളിലായി ആകര്‍ഷകമായ നൂറിലേറെ പുതുതലമുറ കോഴ്സുകള്‍ നടത്തുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠന സാമഗ്രികള്‍, യൂണിഫോം, ഹോസ്റ്റല്‍ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കുന്നതും ഉറപ്പായ തൊഴിലും ഏറെ പേരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങളായ 'ആശ്രയ' പദ്ധതി ഗുണഭോക്താക്കളില്‍ 932 പേര്‍ക്ക് തൊഴില്‍ പരിശീലനവും 457 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. കൂടാതെ പട്ടികജാതി വിഭാഗത്തില്‍ പെട്ട 19356 പേര്‍ക്ക് പരിശീലനവും 9544 പേര്‍ക്ക് തൊഴിലും നല്‍കി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 4947 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതില്‍ 2252 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തുറമുഖ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി കേന്ദ്ര തുറമുഖ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട്   'സാഗര്‍മാല' പദ്ധതിയും നടപ്പാക്കുന്നു. ഈ പദ്ധതി വഴി  269 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും 159 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതിയുടെ ഭാഗമായി മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് 14 ജില്ലകളിലും റൂറല്‍ സെല്‍ഫ് എംപ്ളോയ്മെന്‍റ് സൊസൈറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഇതിന്‍റെ ചുമതലയുള്ള ലീഡ് ബാങ്കുകള്‍ വഴി കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 3403 ബാച്ചുകളിലായി 92823 ഗുണഭോക്താക്കള്‍ക്കും ഗ്രാമീണ മേഖലയില്‍ ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട 61842 പേര്‍ക്കും സ്വയംതൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ രംഗത്തുമായി 78832പേര്‍ക്കും സ്വയംതൊഴില്‍ രംഗത്തു മാത്രമായി 74555 പേര്‍ക്കുമാണ് തൊഴില്‍ ലഭ്യമാക്കിയത്.

കേരളത്തില്‍ കുടുംബശ്രീയും തൊഴിലുറപ്പ് മിഷനും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ 'ഉന്നതി' പദ്ധതി വഴിയും തൊഴില്‍ ലഭിച്ചവര്‍ ഏറെയാണ്.

 
Content highlight
Free Vocational Skill Training & Employment through DDUGKY Scheme: Employment for 45,341 youths in the state