അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക്: കുടുംബശ്രീ "50 പ്ളസ്' സംസ്ഥാനതല ക്യാമ്പയിന് തുടക്കം

Posted on Wednesday, July 2, 2025

സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം അമ്പത് ലക്ഷത്തിലെത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ "50 പ്ളസ്' ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. ആഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ അയൽക്കൂട്ടങ്ങളിൽ  അംഗത്വമില്ലാത്തവരെ കണ്ടെത്തി അവരെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കും. ഭിന്നശേഷിക്കാർ, ട്രാൻസ് ജെൻഡർ, വയോജനങ്ങൾ എന്നിവർക്കായി പ്രതേ്യക അയൽക്കൂട്ടങ്ങളും രൂപീകരിക്കും. കൊഴിഞ്ഞു പോയ അയൽക്കൂട്ട അംഗങ്ങളെ തിരികെ അയൽക്കൂട്ട സംവിധാനത്തിൽ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട് സി.ഡി.എസിലും എ.ഡി.എസിലും ജില്ലാതലത്തിലും മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു.

നിലവിൽ 48 ലക്ഷം അംഗങ്ങളാണ് കുടുംബശ്രീയിലുള്ളത്. ക്യാമ്പയിൻ വഴി കുറഞ്ഞത് അഞ്ചു ലക്ഷം വനിതകളെങ്കിലും പുതുതായി അയൽക്കൂട്ട സംവിധാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശം, ട്രൈബൽ, ഭാഷാ ന്യൂനപക്ഷമായ കന്നഡ മേഖലകൾ, അയൽക്കൂട്ടങ്ങൾ കുറവുള്ള സി.ഡി.എസുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഇതിന് സഹായകമാകും. കന്നഡ മെന്റർമാർ, ട്രൈബൽ അനിമേറ്റർമാർ, ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർമാർ, കോസ്റ്റൽ വൊളണ്ടിയർമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും.

ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഒാരോ സി.ഡി.എസിലും പ്രവർത്തനം നിലച്ചു പോയ അയൽക്കൂട്ടങ്ങളുടെ പട്ടിക തയ്യാറാക്കും. തുടർന്ന് കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിൽ ഇവയെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. പുതിയ അയൽക്കൂട്ട രൂപീകരണവുമായി ബന്ധപ്പെട്ട് ഒാരോ സി.ഡി.എസ് പരിധിയിലുമുളള ആകെ കുടുംബങ്ങളുടെയും അയൽക്കൂട്ടാംഗങ്ങളുടെയും കണക്കെടുപ്പ് നടത്തിയ ശേഷമായിരിക്കും പ്രവർത്തനങ്ങൾ. പുതുതായി ആരംഭിക്കുന്ന എല്ലാ അയൽക്കൂട്ടങ്ങൾക്കും കുടുംബശ്രീ കാസ് ടീമിന്റെ നേതൃത്വത്തിൽ കണക്കെഴുത്ത് പരിശീലനവും നൽകും. കൂടാതെ സി.ഡി.എസ് അധ്യക്ഷമാർക്ക്  കുടുംബശ്രീ നേരിട്ടും പരിശീലനം നൽകും. ബ്ലോക്ക്തല ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല ബ്ളോക്ക് കോർഡിനേറ്റർക്കായിരിക്കും.  

ക്യാമ്പയിന്റെ ഭാഗമായി ജൂൺ 25ന് മുമ്പ് ജില്ലാതല ആലോചനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.  സി.ഡി.എസുകൾക്കുള്ള പരിശീലനവും പൂർത്തിയാക്കി. ജൂലൈ 25-നകം ക്യാമ്പയിൻ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് തീരുമാനം.  

അതിദാരിദ്ര്യ നിർമാർജന പരിപാടികൾ, മാലിന്യ നിർമാർജനം, ലഹരിവിരുദ്ധ ക്യാമ്പയിൻ, ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ, ദുരന്തനിവാരണം പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ ക്യാമ്പയിനുകളിലും ബോധവൽക്കരണ പരിപാടികളിലും കുടുംബശ്രീയുടെ പങ്കാളിത്തം മുഖ്യമാണ്. അയൽക്കൂട്ട അംഗങ്ങളുടെ സജീവ പങ്കാളിത്തം ഈ പരിപാടികൾ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

Content highlight
Kudmbashree's 50 plus campaign starts