കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് ഒാഡിറ്റ് സർവീസ് സൊസൈറ്റി-"കാസി'ന് സർക്കാരിന്റെ കൈത്താങ്ങ്. ഇവരുടെ ഒാഡിറ്റ് ഫീസ് വർധിപ്പിച്ച് സർക്കാർ ഉത്തര( സ.ഉ(സാധാ) നം.1557/2025 ത.സ്വ.ഭ.വ തീയതി. തിരുവനന്തപുരം. 23-6-2025)വായി. കാസിന്റെ ഒാഡിറ്റ് ഫീസ് നിരക്ക് കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ശിപാർശ ചെയ്തു കൊണ്ട് ഈ വർഷം ഫെബ്രുവരി ഏഴിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഒാഡിറ്റ് ഫീസ് വർധന. നിലവിൽ കാസ് ടീമിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന 478 ഒാഡിറ്റ് അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ വാർഷിക ഒാഡിറ്റ് നടത്തുന്നതിനായി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രതേ്യക സംവിധാനമാണ് കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് ഒാഡിറ്റ് സർവീസ് സൊസൈറ്റി. ഗ്രാമനഗരങ്ങളിലെ സി.ഡി.എസുകളിൽ ഒരു സാമ്പത്തിക വർഷം അമ്പത് ലക്ഷം വരെയുളള സാമ്പത്തിക ഇടപാടുകൾ ഒാഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ് ഫീസ് ഉൾപ്പെടെ നിലവിൽ 7150 രൂപയാണ് ഒാഡിറ്റ് ഫീസ്. ഇത് 10,000 രൂപയായി വർധിപ്പിച്ചു. 50 ലക്ഷം മുതൽ ഒരു കോടി വരെയുള്ള സാമ്പത്തിക ഇടപാടുകൾ ഒാഡിറ്റ് ചെയ്യുന്നതിന് നിലിവലെ ഒാഡിറ്റ് ഫീസ് 8450-10,400 രൂപയാണ്. ഇത് 13,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഒരു കോടി മുതൽ അഞ്ചു കോടി വരെ നിലവിൽ ഒാഡിറ്റ് ഫീസ് ലഭിച്ചിരുന്ന 13,000 രൂപ 20,000 രൂപയായും വർധിപ്പിച്ചു.
ഗ്രാമ, നഗര എ.ഡി.എസുകളിൽ 200 രൂപയായിരുന്നത് 250 രൂപയായും വർധിപ്പിച്ചു. അയൽക്കൂട്ടങ്ങൾ ഒാഡിറ്റ് ചെയ്യുന്ന ഫീസിനത്തിലും വർധനവുണ്ട്. ഒാഡിറ്റിന് വിധേയമാകുന്ന സാമ്പത്തികവർഷം ആന്തരിക വായ്പ, ലിങ്കേജ് വായ്പ, മറ്റ് വായ്പകൾ എന്നിവ ഉൾപ്പെടെ അയൽക്കൂട്ടങ്ങൾ ഒാഡിറ്റ് ചെയ്യുന്നതിനു നിലവിൽ ലഭിച്ചിരുന്ന 325 രൂപ 375 രൂപയായും ഉയർത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം വർധിപ്പിച്ച ഫീസ് ഒാഡിറ്റ് ടീം അംഗങ്ങൾക്കു മാത്രമാണ്. ചാട്ടേർഡ് അക്കൗണ്ടന്റിനുള്ള ഫീസ് സി.ഡി.എസുകൾ പ്രതേ്യകമായി നൽകണം.
കുടുംബശ്രീ സംരംഭങ്ങൾ ഒാഡിറ്റ് ചെയ്യുന്നതിനും പുതുതായി ഫീസ് നിശ്ചയിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള സംരംഭങ്ങൾക്ക് 2500 രൂപയും പത്തിനും 25 ലക്ഷത്തിനും ഇടയിൽ വിറ്റുവരവുള്ള സംരംഭങ്ങൾക്ക് 5000 രൂപയുമാണ് ഒാഡിറ്റ് ഫീസ്. 25 ലക്ഷം മുതൽ 50 ലക്ഷം വരെ 8000 രൂപയും 50 ലക്ഷത്തിനു മുകളിൽ ഒരു കോടി രൂപ വരെ 13,000 രൂപയുമാണ് ഒാഡിറ്റ് ഫീസ്. ഒരു കോടി മുതൽ അഞ്ച് കോടി വരെ 16,000 രൂപയും അഞ്ചു കോടിക്ക് മുകളിൽ 18,000 രൂപയുമാണ് സംരംഭങ്ങൾ ഒാഡിറ്റ് ചെയ്യുന്നതിനായി സംരംഭകർ നൽകേണ്ടത്.
ഈ സർക്കാർ അധികാരമേറ്റ ശേഷം ഇതു രണ്ടാം തവണയാണ് കാസ് ഒാഡിറ്റ് വിഭാഗത്തിന്റെ ഒാഡിറ്റ് ഫീസ് വർധിപ്പിക്കുന്നത്. ഇതിനു മുമ്പ് 2022-ലാണ് ഒാഡിറ്റ് ഫീസ് വർധിപ്പിച്ചത്. ഇതു കൂടാതെ കുടുംബശ്രീ എം.ഐ.എസ് ബ്ലോക്ക് കോർഡിനേറ്റർമാരുടെ വേതനം 15000 രൂപയിൽ നിന്നും 20,000 രൂപയായി വർധിപ്പിച്ചിരുന്നു. ഇതു കൂടാതെ സി.ഡി.എസ് അധ്യക്ഷമാർ ഒഴികെയുള്ള സി.ഡി.എസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്തയും അനുവദിച്ച് സർക്കാർ ഉത്തരവായിരുന്നു.
- 7 views