ശാക്തീകരണത്തിന്റെ പുതിയ ശബ്ദമായി കുടുംബശ്രീയുടെ ഒാൺലൈൻ റേഡിയോ 'റേഡിയോശ്രീ' ഇന്നു മുതൽ ശ്രോതാക്കളിലേക്ക്. മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെ രാവിലെ ഏഴു മണി മുതൽ പുതിയ പ്രക്ഷേപണം ആരംഭിക്കും. കുടുംബശ്രീയെ സംബന്ധിച്ച് അറിയുന്നതിനും പഠിക്കുന്നതിനും ഏറ്റവും ഫലപ്രദമായ ബോധന മാർഗമായി റേഡിയോശ്രീയെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
വിനോദവും വിജ്ഞാനവും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളായിരിക്കും ഉണ്ടാവുക. കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളും അറിവുകളും അയൽക്കൂട്ട കുടുംബങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും എത്തിച്ചു കൊണ്ട് ആഗോളതലത്തിലുള്ള വിജ്ഞാന വ്യാപനമാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ ഏഴുമണി മുതലാണ് പ്രക്ഷേപണം ആരംഭിക്കുക. സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോശ്രീമതി, നാട്ടരങ്ങ്, റേഡിയോശ്രീ സാഹിതേ്യാത്സവം, ഒാഡിയോ ബുക്ക് എന്നിങ്ങനെ ആറ് വ്യത്യസ്തമായ പ്രോഗ്രാമുകളാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ളതാണ് ഒാരോ പ്രോഗ്രാമും. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ആദ്യ ഷെഡ്യൂൾ. ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി ഇരുപത്തിനാല് മണിക്കൂറും പ്രക്ഷേപണം ഉണ്ടാകും. ഇതിൽ പതിനെട്ട് മണിക്കൂർ പുന:പ്രക്ഷേപണമാണ്. കൂടാതെ രണ്ടു മണിക്കൂർ ഇടവിട്ട് അഞ്ചു മിനിട്ട് വീതം കുടുംബശ്രീ വാർത്തകളും ഉണ്ടായിരിക്കും. നൂതനമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രക്ഷേപണം വഴി ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായ പരിപാടികൾ ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആർക്കും ആപ് സ്റ്റോർ, പ്ളേ സ്റ്റോർ വഴിയും കൂടാതെ ആൻഡ്രോയ്ഡ് പ്ളേ സ്റ്റോർ, ഐ.ഒാ.എസ് സ്റ്റോർ അക്കൗണ്ട് വഴിയും റേഡിയോ കേൾക്കാവുന്നതാണ്. www.radioshree.com എന്ന വെബ്സൈറ്റിലും റേഡിയോശ്രീ പ്രക്ഷേപണം ലഭിക്കും.
കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 48 ലക്ഷം കുടുംബങ്ങളിലേക്കും സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കും എത്തിക്കാൻ സാധിക്കുമെന്നതാണ് ഒാൺലൈൻ റേഡിയോയുടെ നേട്ടം. അയൽക്കൂട്ട വനിതകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ തൊഴിലിടങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ ഏതു മേഖലയിലും കുടുംബശ്രീയുടെ ശബ്ദ സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.
- 24 views