ഗുണമേന്മയുള്ള മീറ്റ് പ്രോഡക്ടുകള്‍ കുടുംബശ്രീയിലൂടെ വിപണിയിലേക്ക്

Posted on Tuesday, July 1, 2025

മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളിലൂടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനും മികച്ച രീതിയില്‍ മാര്‍ക്കറ്റിങ് നടത്താനും മീറ്റ് പ്രോസസ് ചെയ്യാനുമുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീയും കേരള വെറ്ററിനറി യൂണിവേഴ്സിറ്റി മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം തൃശ്ശൂര്‍ മണ്ണുത്തി വെറ്റിനറി കോളേജില്‍ 19 മുതല്‍ 21 വരെയായിരുന്നു.

വിവിധ ജില്ലകളില്‍ നിന്നുള്ള മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ആര്‍.പിമാര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പ്രൊമോട്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട 24 അംഗ ടീമാണ് ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുത്തത് മീറ്റ് പ്രോസസിങ്, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ തയാറാക്കല്‍, മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകളുള്‍പ്പെടെയുള്ള പരിശീലനമാണ് നല്‍കിയത്. ആകെ 80 പേര്‍ക്ക് പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

പരിശീലനശേഷം മാംസസംസ്‌ക്കരണ മേഖലയിലെ മൂല്യവര്‍ദ്ധന ഉത്പന്ന നിര്‍മ്മാണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗം നടത്തും.

മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. വി.എന്‍ വാസുദേവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ഡോ. അല്ലി. കെ നിര്‍വഹിച്ചു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. സലില്‍. യു മുഖ്യാതിഥിയായി. മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സതു. ടി ആശംസകള്‍ നേര്‍ന്നു. മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെക്ഷന്‍ ഓഫീസര്‍ ബ്രീജിത് ബേബി സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡോ. ഇര്‍ഷാദ്. എ നന്ദിയും അറിയിച്ചു.

Content highlight
Quality Meat Products to the market through Kudumbashreeml