കുടുംബശ്രീയും ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും ആരംഭിച്ച കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി ആരംഭിച്ച 84 സെന്റ്റുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയതിനെ തുടർന്നാണ് പദ്ധതി വിപുലീകരിക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്റ്റുകളെ കുറിച്ചും ഇതിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും അവബോധം നൽകും. ഇതിനായി ജില്ലാതലത്തിൽ എസ്.എച്ച്.ഓ, സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം വിളിച്ചു ചേർത്ത് ആഭ്യന്തര വകുപ്പും കുടുംബശ്രീയും സംയുക്തമായി പ്രത്യേക അവബോധ പരിശീലനം നൽകും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, വിമൻ ആൻഡ് ചിൽഡ്രൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ബാസ്റ്റിൻ സാബു എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ സംസ്ഥാനമിഷനിൽ സംഘടിപ്പിച്ച സംസ്ഥാനതല മോണിട്ടറിങ്ങ് കമ്മിറ്റിയിലാണ് പുതിയ തീരുമാനങ്ങൾ.
ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണയും കൗൺസലിങ്ങ് സേവനങ്ങളും ആവശ്യമായവർക്ക് അവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. പുതിയ തീരുമാന പ്രകാരം പുതുതായി ജോലിയിൽ പ്രവേശിക്കുന്ന സബ് ഇൻസ്പെക്ടർമാർക്കുളള ട്രെയിനിങ്ങ് സിലബസിലും അവബോധ പരിശീലനം ഉൾപ്പെടുത്തും. എക്സ്റ്റൻഷൻ സെന്റ്റുകളിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കൗൺസിലർമാർക്കും വിദഗ്‌ധ പരിശീലനങ്ങൾ ലഭ്യമാക്കും.
നിലവിൽ ആയിരത്തോളം കേസുകളാണ് കൗൺസലിങ്ങിനായി എക്സ്റ്റൻഷൻ സെന്റ്റുകളിലേക്ക് റഫർ ചെയ്തിട്ടുള്ളത്. ഇവർക്കെല്ലാം കുടുംബശ്രീയുടെ കമ്യൂണിറ്റി കൗൺസിലർമാർ മുഖേന കൗൺസലിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗാർഹിക പീഡനം, കുടുംബ പ്രശ്നങ്ങൾ, മദ്യപാനം, ലഹരി, മൊബൈൽ അഡിക്ഷൻ, സാമ്പത്തിക പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് സെന്റ്റുകൾ വഴി കൈകാര്യം ചെയ്ത കേസുകളിൽ ഏറെയും. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം. ആവശ്യകത അനുസരിച്ച് കൂടുതൽ ദിവസങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിക്കുന്നു.
പുതിയ തീരുമാന പ്രകാരം ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ കമ്യൂണിറ്റി കൗൺസിലർമാർ ഭവനസന്ദർശനം നടത്തി ആവശ്യമെങ്കിൽ കൗൺസലിങ്ങും മറ്റ് മാനസിക പിന്തുണകളും ലഭ്യമാക്കാനാകും. എസ്.എച്ച്.ഓ, ഡി.വൈ.എസ്.പി എന്നിവരുടെ റഫറൻസ് ഇല്ലാതെ വരുന്ന കേസുകൾക്ക് പ്രാദേശികമായി സേവനങ്ങൾ ലഭ്യമാക്കേണ്ട സാഹചര്യത്തിൽ അതത് പ്രദേശത്ത് ചുമതലയുളള കമ്യൂണിറ്റി കൗൺസിലർ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് എന്നിവ മുഖേന സേവനങ്ങൾ ലഭ്യമാക്കും. കൂടാതെ ആവശ്യമെങ്കിൽ ടെലി കൗൺസലിങ്ങും നൽകും.
എല്ലാ എക്സ്റ്റൻഷൻ സെന്റ്റുകളിലേക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മേശ, കസേര, അലമാര എന്നിവ കുടുംബശ്രീ ലഭ്യമാക്കും. കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ആഭ്യന്തര വകുപ്പും ഉറപ്പു വരുത്തും.
എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മാസവും ജില്ലാതല മോണിട്ടറിങ്ങ് കമ്മിറ്റി ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റൂറൽ തലത്തിലും സിറ്റി തലത്തിലും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.
കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി.ശ്രീജിത്ത്, മെഡിക്കൽ കോളേജ് ക്ളിനിക്കൽ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മേഴ്സി ജോയ് സെബാസ്റ്റ്യൻ, അഡ്വ. ഷൈനിരാജ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഫെബി ഡി.എ, ശാരിക എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- 11 views