എഫ്.എൻ.എച്ച്.ഡബ്ളിയു ദ്വിദിന റീജിയണൽ സെമിനാർ: സാമൂഹ്യ വികസനത്തിൽ കേരളം ലോകമാതൃകയെന്ന് വിവിധ സംസ്ഥാനങ്ങൾ
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മേഘാലയയിലെ ഷില്ലോങ്ങിൽ സംഘടിപ്പിച്ച എഫ്.എൻ.എച്ച്.ഡബ്ളിയു ദ്വിദിന റീജിയണൽ സെമിനാറിൽ തിളങ്ങി കേരളം. കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്ത സെമിനാറിൽ സാമൂഹ്യ വികസന രംഗത്ത് കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ മികവും അതു വഴി കൈവരിച്ച നേട്ടങ്ങളും ശ്രദ്ധേയമായി. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സെമിനാറിൽ കേരളം സാമൂഹിക വികസന രംഗത്ത് ലോകമാതൃകയാണെന്ന് വിവിധ സംസ്ഥാനങ്ങളുടെ സമ്മേളനം അഭിപ്രായപ്പെട്ടു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, നാഷണൽ മിഷൻ മാനേജ്മെന്റ് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലാണ് കേരളം കൈയ്യടി നേടിയത്. സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കേരളത്തെ മാതൃകയാക്കി മുന്നോട്ടു പോകണമെന്ന് ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി സ്മൃതി ഷരൺ പറഞ്ഞു.
അതിദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കിയ ഉജ്ജീവനം, തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിനായി കഴിഞ്ഞ വർഷം നടപ്പാക്കിയ കനസ് ജാഗ, തദ്ദേശീയ മേഖലയിൽ നിലവിൽ നടപ്പാക്കി വരുന്ന കെ-ടിക് തുടങ്ങിയ പദ്ധതികൾ ഇതര സംസ്ഥാനങ്ങളുടെ പ്രശംസ നേടി. ആരോഗ്യ മാനസികാരോഗ്യ മേഖലയിൽ നടപ്പാക്കുന്ന ഹാപ്പി കേരളം, ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന ബഡ്സ് സ്കൂളുകൾ, മുതിർന്ന വ്യക്തികൾക്കായി നടത്തുന്ന ബഡ്സ് പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും മാതൃകാപരമാണെന്ന് സെമിനാറിൽ വിവിധ സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു.
കേരളം കൂടാതെ ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗോവ, കർണാടക, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ഒഡീഷ, സിക്കിം, തമിഴ്നാട്, തെലുങ്കാന, ത്രിപുര, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും സെമിനാറിൽ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി.ശ്രീജിത്ത് സാമൂഹിക വികസന രംഗത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച അവതരണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ കൃഷ്ണകുമാരി ആർ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നുള്ള കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ആതിര എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിജയാനുഭവങ്ങൾ പങ്കു വച്ചു. മേഘാലയയിലെ വിവിധ സി.ഡി.എസുകളും സംഘം സന്ദർശിച്ചു.
- 6 views